Sunday, August 7, 2011

ആനകളുള്ള സ്ത്രീ

ഇന്നലെ ഒരു ഡോകുമെന്ററി കണ്ടു.ജര്‍മന്‍ ഭവന്‍ സംഘടിപ്പിച്ച പരുപാടി ആയിരുന്നു. ആഞ്ച് ആനകളുള്ള സ്ത്രീ എന്നായിരുന്നു അതിന്റെ പേര്.റഷ്യന്‍ കഥാകൃത്ത്‌ ടെസ്ടോവിസ്കി യുടെ കഥകള്‍ ജര്‍മന്‍ ഭാഷയിലേക്ക് പരിഭാഷ പെടുത്തിയ സ്ത്രീ...




പലപ്പെഴുംഎന്റെ അമ്മൂമ്മയെ ഓര്‍മ പെടുത്തിയ ജീവിതം. അതെ നോട്ടം, അതേ വിലയിരുത്തലുകള്‍...മകന്‍ മരിച്ചതിനെ പറ്റി ജര്‍മന്‍ വനിത രൂക്ഷമായി ക്യാമറ യെ നോക്കുമ്പോള്‍ . എന്റെ അമ്മൂമ്മ മകളുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ വാര്‍ധക്യത്തിന്റെ ഓര്‍മ കുറവിലും ശ്ലോകം ചൊല്ലിയത് ഓര്‍മ പെടുത്തി



റഷ്യ യില്‍ നിന്നും ജര്‍മ്മനി ഇലേക്ക് അറുപത്തി അഞ്ചു വര്ഷം മുന്‍പ് പോയ അവര്‍, ടീച്ചര്‍,ഭാര്യ ,അമ്മ, അമ്മൂമ്മ മുതലായ വേഷങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്നു. നാസി പടയുടെയം സ്റാലിന്‍ റെയും ക്രൂരതകള്‍ ഇവരുടെ ജീവിതത്തെ മാറി മറിക്കുന്നു എന്നിട്ടും ജീവിതത്തിന്റെ പൊള്ളുന്ന ചൂട് അവരെ വാട്ടിയില്ല....പടു കിളവി എന്ന് തോന്നൂന്ന അവര്‍ എന്നും പരിഭാഷ നടത്തുന്നു ...കൂട്ട്ടിനു മറ്റൊരു പടു കെളവനും കെളവിയും...ആന പോലത്തെ അഞ്ചു പുസ്തകങ്ങള്‍ അവര്‍ പരിഭാഷ പെടുത്തി കഴിഞ്ഞു ....വരികളെ മനസ്സിലേക്ക് ആവാഹിച്ചു കൊടുവരുന്നതിനെ പറ്റി അവര്‍ വാചാലയാകുന്നു ...എല്ലാം വലുതായി കാണണം എന്നവര്‍ ഓര്‍മപ്പെടുത്തുന്നു .

Tuesday, June 28, 2011

കാലം!!

ഒരു സ്വപ്നവും കാണാത്ത രാത്രികള്‍ ഇത്ര അധികം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല ."സ്വപ്നങ്ങളുടെ ലോകം എന്നെ വിട്ടു പോയോ "? എന്ന് ടീച്ചര്‍ ശങ്കിച്ചത് ഇപ്പോഎനിക്ക് മനസ്സിലാകുന്നുണ്ട്.


പമ്പ നദിയുടെ തീരത്ത് പച്ച മാവിന്‍ ചീളുകള്‍ മുത്തശ്ശിയെ ദഹിപ്പിചീട്ട് മൂന്നു ദിവസം പിന്നിടുന്നു.

Sunday, August 1, 2010

നീ

എത്ര സംവത്സരം മാറിവന്നാലും
ഏഴായിരം കാലം ഓര്‍ത്തിരിക്കും നിന്നെ
ഏഴായിരം കാലം ഓര്‍ത്തിരിക്കും!

Saturday, May 30, 2009

പാരമ്പര്യത്തിന്റെ സംരക്ഷകന്‍

കുറച്ചു നാളുകള്‍ക്കു മുന്പ് ഞാന്‍ വീട്ടില്‍ പോകാനായി ബാംഗ്ലൂര്‍ കൃഷ്ണരാജ പുരം റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ അടുത്ത് ഒരു മധ്യവയസ്കന്‍ വന്നിര‌ുന്നു.അയാള്‍ എന്നെ തലങ്ങും വിലങ്ങും നോക്കി ; പിന്നീട് പ്രസ്താവിച്ചു " ഐ ടി " ആണെല്ലേ ?. അതെ എന്ന് ഞാന്‍ തിരിച്ചു പ്രസ്താവിച്ചു. പിന്നീട് വീടും കൂടും തുടങ്ങി ജാതി വരി അയാള്‍ ചോതിച്ചറിഞ്ഞു.
ബാംഗ്ലൂര്‍ മുതലായ നഗരങ്ങളിലെ മൂല്യ ശോഷണം,നാടിന്റെ മഹത്വം,സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ അയാള്‍ എന്നിക്ക് കുറെ ക്ലാസ്സ് എടുത്തു.ഒരുപാടു വായിച്ചിട്ടുള്ള ആമനുഷ്യനെ പറ്റി മതിപ്പു തോന്നി.അയാളുടെ മക്കളെ "നാടന്‍ "രീതിയില്‍ വളര്‍ത്തിയതില്‍ ഉള്ള ഗര്‍വും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
സാമാന്യ നീതിക്ക് ഞാന്‍ ഒരു ചോദ്യം ചോദിച്ചു.താങ്ങളുടെ വീടെവിടയാണ്?.തൃശ്ശൂര് അടുത്ത് ;പുന്നയൂര്‍കുളം പറഞ്ഞാല്‍ അറിയില്ലാരിക്കും!

അറിയാം! ഞാന്‍ പറഞ്ഞു.എങ്ങിനെ ? കൌതുകത്തോടെ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.ബാലാമണിയമ്മയുടെ സ്ഥലമല്ലേ? ഞാന്‍ ചോദിച്ചു! അയാള്‍ ഞെട്ടി.പക്ഷെ അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.

ഒരു പക്ഷെ ഞാന്‍ കമലാദാസിന്റെ നാടല്ലെ എന്ന് ചോദിക്കാത്തത് കൊണ്ടാവാം അല്ലങ്കില്‍ ഞാന്‍ "ഐ ടി " ആയതു കൊണ്ടാവാം. ഞാന്‍ കരുതി.പക്ഷെ അയാള്‍ എന്നെ ഞെട്ടിച്ചു.
അതാരാണ്?...അയാള്‍ ചോദിച്ചു.
ദുഖത്തോടെ ഞാന്‍ തല താഴ്ത്തി!

Friday, March 20, 2009

മാങ്ങാസ്

ഇപ്പോള്‍ സ്ഥിരം നാട്ടില്‍ പോകുന്നതുകൊണ്ട്‌ അവിടെ നടക്കുന്ന കാര്യങ്ങളെകുറിച്ചു കൃത്യമായ ബോധമുണ്ട് .കഴിഞ്ഞ മൂന്നു മാസമായി എല്ലാ അവധി ദിവസവും ഞാന്‍ ചിലവഴിച്ചത് നാട്ടിലാണ്.ആഴ്ച തോറുമുള്ള ഈ പോക്കിന്റെ രഹസ്യം തേടി- പല ശത്രുക്കളും അന്വേഷിച്ചതില്‍ നിന്നും ഞാന്‍ രഹസ്യ വേളി കഴിച്ചു എന്ന് വരെ അവര്‍ പറഞ്ഞു പരത്തി .
കാര്യം എന്തൊക്കയായാലും നാട്ടിലെ മാവെല്ലാം ഇത്തവണ നല്ല ഉഗ്രനായി പൂത്തിട്ടുണ്ട്. പല സ്ഥലത്തും കണി കൊന്ന തന്റെ മഞ്ഞ പുടവ നിവര്‍ത്തി ആടിതുടങ്ങിയിരിക്കുന്നു.കുട്ടികള്‍ക്കൊക്കെ അവധി അടുക്കുന്നതിന്റെ ആഹ്ലാദം. ഞാന്‍ രണ്ടാഴ്ച മുമ്പു ബാംഗളൂര്‍ിലെ പ്രമാദമായ ഒരു കടയില്‍ നിന്നു വാങ്ങിയ ജീന്‍സും ടീയും ഇട്ടുകൊണ്ട്‌ നാട്ടിലെ റോഡില്‍ നടക്കുമ്പോള്‍ എതിര്‍വശത്തെ വീടിലെ അമേരിക്കയിലുള്ള അമ്മാമ്മേടെ പറങ്കി ഒന്നു കനിഞ്ഞു ; ദേ മുമ്പിലൊരു പറങ്കി പഴം.പിന്നെ ഒന്നും നോക്കിയില്ല,കടിച്ചു പറിച്ചു അങ്ങ് തിന്ന് നാഗരിക ജീവിതത്തിനോട് പക തീര്‍ത്തു.

പുറകുവശത്തെ വീട്ടിലെ രണ്ടു മാവും ഭംഗിയായ് പൂത്തിരിക്കുന്നു.അമ്മച്ചി എന്ന് ഞങ്ങള്‍ കുട്ടികള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന ആ അമ്മൂമ്മ മരിച്ചതോടെ ആ വീടിനോടുള്ള സ്നേഹവും ഇല്ലാതായി എന്ന് പറഞ്ഞാല്‍ തെറ്റില്ല. എല്ലാ വിഷുവിനും രാവിലെ കൃത്യമായി അമ്മച്ചി വീടിലെത്തി തരാറുള്ള രണ്ടു രൂപയിലെ ഉറവ വറ്റാത്ത സ്നേഹം ഒരായുഷ്കാലത്തിന്റെ ഓര്‍മയാണ്.

പിന്നെ അപ്പയുടെ വീടിലെ കര്പൂര മാവും ആകാശ മുട്ട വളര്ന്നു നിന്നിരുന്ന നാടുമാവും എനിക്ക് തന്ന നൂറു കണക്കിന് മാങ്ങകലോടുള്ള നന്ദി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കട്ടെ !കളം മാറി കാലം മാറി, എങ്കിലും മാങ്ങയോടുംപരന്കി പഴത്തോടും ഉള്ള ഹൃദയബന്ധം കൂടി വന്നു കൊണ്ടേ ഇരുന്നു.

കുട്ടികാലത്ത് ഉണ്ടായിരുന്ന കൂടുകരോക്കെ പോയ് മറഞ്ഞു. എല്ലാ അടവും പഠിച്ച കളരി എന്ന് ശൂന്യം.ഫിസിക്സ് പഠിക്കുന്ന കാലത്ത് കുട്ടിക്കാലത്തെ കളികളെഓര്‍ത്ത് എഴുതിയത് ഓര്‍ക്കുന്നു.
"പണ്ടു അക്ക ഉം സാറ്റ് ഉം കല്ലുകൊത്തും
ഇന്നു ആര്‍ക് ഉം ഇന്‍സാറ്റ് ഉം കാല്‍ക്കുലസ് ഉം " എന്ന് .

കുട്ടിക്കാലത്തെ വേനല്‍ അവധികള്‍ ചിലവിട്ടിരുന്ന മാവിന്റെ തണലില്‍ കുത്തിയിരിക്കുന്ന ബന്ധുക്കളും അല്ലാത്തവരുമായ കുട്ടികളും ഞാനും -എന്ത് രസമായിരുന്നു. "കിങ്ങരന്മാര്‍" എന്നാണ് അമ്മ അവരെ വിളിച്ചിരുന്നത്.ഹോട്ട് മാങ്ങകളില്‍ നിന്നു ഒഴുകുന്ന ചുടു ദ്രാവകം (ചോന) വീണു പോള്ളാത്ത ഒരു മുഖവും കിങ്ങരന്മാരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല .മഴ വരുമ്പോള്‍ മാങ്ങകള്‍ പടുപട വീഴും.കുട്ടയുമായി ട്ടാണ് നില്പ്. കുന്നുകള്‍ പോലെ മാങ്ങാ പറുക്കി കൂട്ടും. ജൂസി മാങ്ങാസ്!

മനസ്സിന്റെ മിട്ടായി തെരിവില്‍ മാങ്ങകള്‍ അടുക്കി വച്ചിരിക്കുന്നു.ഓര്‍മകള്‍ ആ മധുരമായ ഫലങ്ങള്‍ വാങ്ങി കൂട്ടുന്നു .നന്മ പഴയ പടങ്ങള്‍ പോലെയാണ്.പുത്തന്‍ പടങ്ങള്‍ റിലീസ് ചെയ്തുകൊണ്ടേ ഇരിക്കും.പഴയ പടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ ,കണ്ടവരുടെ ഓര്‍മ്മകളുടെ പെട്ടികളില്‍ സൂക്ഷിക്കപെടും. കുട്ടിക്കാലത്തെ മാങ്ങാ പറക്കു പോലെ.

Tuesday, November 18, 2008

ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം

"ജനലരുകില്‍ ഉയര്‍ന്ന തലയിണകളില്‍
തല താങ്ങി ഞാന്‍
ചുവര്‍കണ്ണാടിയില്‍ എന്‍റെ നിഴല്‍
ചിറകു പോയപോല്‍
ഉടല്‍ ചുങ്ങി തല വിങ്ങി "

മരണാനന്തരം മഹത്വപ്രാപ്തി എന്നത് ശോകാകുലമായ ഒരഭിമാനമാണ് .ഗീത ടീച്ചറിനു ലഭിച്ച മഹത്വ പ്രാപ്തി രചനാ ശേഷിക്കു വൈകി കിട്ടിയ അംഗീകാരമാണ്. സര്‍ഗ്ഗാത്മക ജീവിതത്തിന്‍ വസന്ത കാലത്തു മരണം മാടി വിളിച്ച സ്നേഹനിധിയായ എഴുത്തുകാരി.അഗാധമായ അന്ത:ശ്രുതിയില്‍ സ്ത്രീ പക്ഷത്തെ നിര്‍വചിച്ച ഈ എഴുത്തുകാരി കവിതയും കഥകളും ആത്മനിയന്ത്രണ ഭാവമാര്‍ന്ന ലേഖനങ്ങളും എഴുതി വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി.സമകാലിക സാഹിത്യ ഭാഷയുടെ അതിഭാവുകത്വത്തെ നിഷേധിച്ച ഈ എഴുത്തുകാരി സംസാരഭാഷയെ സാഹിത്യ വേദിയില്‍ ആനയിക്കാന്‍ പരിശ്രമിച്ചു.ഒട്ടും മേനി നടിക്കാതെ അപ്രിയ സത്യങ്ങളെ ആലങ്കാരിക ഭാഷയില്‍ പൊതിഞ്ഞു നല്കാന്‍ ഗീതക്ക് സാമര്‍ത്ഥ്യം ഉണ്ടായിരുന്നു.ആത്മാവിന്റെ മുഖമുദ്രകളാണ് ഗീത അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയത് .

പരിചയപ്പെട്ടവര്‍ക്കൊക്കെ പ്രിയ സ്നേഹിതയായിരുന്നു ഗീത.പഠിപ്പിച്ച വിദ്യാര്‍ഥികള്‍ക്കൊക്കെ പ്രാണന്‍ ആയിരുന്നു ഗീത ടീച്ചര്‍. അഭിനവ ഫെമിനിസ്റ്റു ജാടകള്‍കൊക്കെ ആലോരസമായിരുന്നു ഗീതാ ഹിരണ്യന്‍. ജീവിതത്തെ ആഴത്തില്‍ അറിഞ്ഞു സ്നേഹിച്ചു തുടങ്ങിയപ്പോള്‍ കാന്‍സര്‍ ഇന്റെ രൂപത്തില്‍ മരണം കടന്നു വന്നത് ഗീതയെ ഞെട്ടിച്ചു.അത് അവരില്‍ നടുക്കം സൃഷ്ടിച്ചു.പതുക്കെ, തീരെ പതുക്കെ ഗീത മരണത്തെയും സ്നേഹിച്ചു തുടങ്ങി.റേഡിയേഷന്‍ നിമിത്തം കൊഴിഞ്ഞു പോയ സംരിധമായ തലമുടി നോക്കി ഗീത ചിരിച്ചു.മരണം പോലും പകച്ചു പോയ നിമിഷങ്ങളായിരുന്നു അത്. ഓര്‍മയില്‍ നിലാവ് ഇറ്റ്വീഴുന്ന ഉമ്മറ മുറ്റത്ത് കിളിതട്ട് കളിക്കുന്ന ഒരു പാവം അന്തര്‍ജന പെന്കൊടിയായി താന്‍ മാറുന്നതായി ഗീതക്ക് തോന്നിയിരിക്കണം. ഇത്തിരി കുറുമ്പും,ഒത്തിരി സ്നേഹവും ലേശം നര്‍മമവുമായി ഒരു പൂമ്പാറ്റയെ പോലെ ഗീത എല്ലാവരിലും കൌതുകം ജനിപ്പിച്ചു പറന്നു പോയി. സ്വപ്നമുരുക്കി ഭൂഗോളം തിര്‍ത്ത കവിയാണ്‌ ഗീത ഹിരണ്യന്‍.
"ഭൂമി
കറങ്ങിത്തിരിഞ്ഞുതിരിഞ്ഞു പിന്നെടെനിക്ക്
കറുത്ത വാവുകളെ കൊണ്ടു വന്നു
കുന്നുമണി കിണ്ണത്തില്‍
ഇപ്പോള്‍ പകുതിപങ്ക് ആഴെലിന്റെ ചവര്‍പ്പ്
കണ്ണീരിന്റെ ഉപ്പ്."

എന്ന് ഗീത നിര്‍മ്മമമമായി എഴുതി.സ്നേഹിച്ചും ജീവിച്ചും മതിവരാത്ത ഈ നല്ല മഹനീയമായ മരണാനന്തര ജീവിതം മുന്‍കൂട്ടി കണ്ടിരുന്നുവോ?
"നഷ്ടബോധത്തോടെ ഞാന്‍ പറയുന്നു സഖീ, രാധേ
ഇന്നലെ ഞാന്‍ ഭൂമിയില്‍ ഉണ്ടയിരുന്നെയില്ല.
സ്വപ്നത്തിന്റെ താമരയില്‍ ഞാന്‍
വരും ജന്മങ്ങളില്‍ തുഴഞ്ഞു നടന്നു"
എന്ന വരികള്‍ ഏത് കാലത്തെയാണ് കിനാവ് കണ്ടത്? ക്ഷണ പ്രഭാ ചഞ്ചലമായ വിദ്യുല്ലതയായിരുന്നു ഗീത.വീണ പൂവില്‍ കുമാരനാശാന്‍ രേഖപ്പെടുത്തിയ വരികള്‍ ഇവിടെ ഉദ്ധരിക്കാം
"ബാധിച്ചു രൂക്ഷ ശില വാഴ്വതില്‍ നിന്നു മേഘ ജ്യോതിസ്സ് തന്‍ ക്ഷണിക ജീവിത മല്ലീ കാമ്യം". വഴി അരികിലും നടക്കും യാത്രക്കാര്‍ക്ക് വേദന സമ്മാനിക്കുന്ന കല്ലിന്റെ ജീവിതമല്ല ഗീത നയിച്ചത്.ഒരു മിന്നല്‍ പിണരിന്റെ ക്ഷണിക ജീവിതമായിരുന്നു. നമ്മുടെ നഷ്ടസ്മൃതികളെ അടയാളപ്പെടുത്തിയ ഗീതാ ഹിരണ്യന്‍ ഒരു പ്രസ്ഥാനത്തിന്റെയും പതാക വാഹക ആയിരുന്നില്ല.

ഒരു നിര്‍വചനത്തിന്റെയും കള്ളികളില്‍ എന്തോ ഒന്നു ഗീതയുടെ സര്‍ഗ്ഗാത്മക രചനയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്‌ .ആത്മാര്‍ത്ഥതയാണ് അതിലെ ജീവബിന്ദു.
നാല്‍പ്പത്തി അഞ്ചു വര്‍ഷമേ ജീവിച്ചുള്ളു എങ്കിലും ഓഎന്‍ വി പറഞ്ഞതുപോലെ ഗീതയുടെ ആന്തരജീവിതത്തിനു പല ജന്മങ്ങളുടെ ആഴവും ഭാവ സങ്കിര്‍ണതയും ഉണ്ടായിരുന്നു.

"സ്ഥിര സന്ദര്‍ശകനായ ചങ്ങാതിക്ക് വീടിലെന്നപോല്‍
ചിരപരിചിതനായ വായനക്കാരനും
കഥയിലുമുണ്ട് ചില സ്വാതന്ത്ര്യങ്ങള്‍ "

എന്ന് പറയാന്‍ ഗീതയെ പ്രേരിപ്പിച്ച സ്നേഹത്തിന്റെ വികാരാധിക്യം ഇനി ആരില്‍നിന്നും നമുക്കു ലഭിക്കും.
തന്നെ തന്റെ രചനയില്‍ പ്രതിഭലിപ്പിക്കാന്‍ ഗീത മടികാണിച്ചില്ല.വടക്കേച്ചിര ഉള്ളന്നൂര്‍ മനയിലിരുന്നു പുറം മേനി പറയുന്ന നമ്പൂതിരി കുട്ടിയല്ലായിരുന്നു ഗീത.സ്നേഹിച്ചവരെ നൊമ്പരപ്പെടുത്താത്തിരുന്ന ഗീത മരിച്ചപ്പോള്‍ അവരെയാകെ നൊമ്പരപ്പെടുത്തി.ഒരുവേള മരണ ഗര്‍ത്തത്തില്‍ നിന്നും എ ങ്ങി വലിഞ്ഞു രക്ഷപ്പെട്ടപ്പോള്‍ സ്നേഹിതരും സഹ്രിടയലോകവും ആശ്വാസ നെടുവീര്‍പ്പിട്ടു.പക്ഷെ വിധിയുടെ വൈപരീത്യം ഗീതയെ വീണ്ടും വരിഞ്ഞു മുറുക്കി.കെട്ട് മുറുകും തോറും ഗീത ഉള്ളാലെ പുളഞ്ഞു;പുറമെ ചിരിച്ചു.
നാട്യങ്ങളിലാത്ത ആ ചിരി ജീവിത ദര്‍ശനത്തിന്റെ ചിരി ആയിരുന്നു.തനിക്ക് കിട്ടിയ ഗജഗംഭീരന്‍ ചികിത്സയെപടി സന്ദര്‍ശിക്കുന്നവരോട് ഫലിതം പറയാന്‍ ഗീത മടികാണിച്ചില്ല. "ചിലരൊക്കെ പറയാറുണ്ടല്ലോ ഞാന്‍ ഗുല്ഫിലാരുന്നു എന്നൊക്കെ .എനിക്ക് ഞാന്‍ രണ്ടു വര്ഷം ആസ്പത്രിയിലാരുന്നു എന്നാണു മേനി "" എന്ന് പറഞ്ഞു ചിരിക്കാന്‍ ആ മനസ്സു മടി കാണിച്ചില്ല.

"ഇന്നു
സ്വപ്നങളുടെ ലോകം
എന്നെ വിട്ടു പോയോ?
ഒരു സ്വപ്നവും
കൊരുത്തു വരുന്നില്ല "
എന്ന് തേങ്ങി കരഞ്ഞ ആ മനസ്സ് നമുക്കു മറക്കാനാവുമോ?

മനോഹരങ്ങളായ ലേഖനങ്ങള്‍ ഗീത എഴുതിയിട്ടുണ്ട്. സിദ്ധാന്തങ്ങളുടെ വരട്ടു ഭാഷ ഒഴുവാക്കി നാടുമോഴിയുടെ ചാരുതയില്‍ ഏകപക്ഷീയമായ ഭാവങ്ങള്‍ പുലര്‍ത്തുന്ന സാമ്പ്രദായിക ഫെമിനിസ്റ്റ്‌ ലേഖങ്ങള്‍ അല്ലായിരുന്നു അവ.
പെണ്ണെഴുത്തിന്റെ വിപുല രാഷ്ട്രീയ ബോധത്തിന്റെ സര്‍വ ചരാചര പ്രേമം ദര്‍ശിക്കാന്‍ ലേഖനങളിലൂടെ ഗീത പരിശ്രമിച്ചു. ഒരു തെളിഞ്ഞ അരുവി പോലെ ശാന്തമായി ഒഴുകി നിറയാന്‍ ഗീതയുടെ ആശയങ്ങള്‍ക്ക് സാധിച്ചു.എണ്ണത്തില്‍ കുറവ് ആണെന്കിലും ഗുണത്തില്‍ ഒന്നമാതകുന്ന കവിതകള്‍ ഗീതയുടെ സര്‍ഗാത്മക ജീവിതത്തിന്റെ മറ്റൊരു ഭാവം അനാവരണം ചെയ്യുന്നു.
കവയിത്രി ,കഥാകാരി,ലേഖിക ,അദ്ധ്യാപിക,സ്നേഹിതാ ,വീട്ടമ്മ വിശേഷണങ്ങള്‍ അനന്തമായി തുടരുമ്പോഴും അനന്തതയില്‍ ഗീത മറഞ്ഞു പോകുന്നു.പ്രിയംവദ എഴുതിയത് പോലെ "അകാലത്തില്‍ നുറുക്കി ഇല്ലായിരുന്നു എങ്കില്‍ ഈ തൈമരം എത്ര പൂത്തേനെ കായിച്ചെനെ "
നമ്മുടെ ഭാഗ്യദോഷം .!

(ഗീതാ ഹിരണ്യന്‍ 1956 മാര്‍ച്ച് 20 നു കൊട്ടാരക്കരക്കടുത്തു ജനനം.ഗവ. കോളേജ് അദ്ധ്യാപിക. ഒട്ടസ്നാപ്പില്‍ ഒതുക്കാനാവില്ല,ഒരു ജന്മസത്യം, എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.2002 ജനുവരി 2 നു കാന്‍സര്‍ രോഗ ബാധിതയായി തൃശൂരില്‍ അന്തരിച്ചു .മരണാനന്തരം "ഇനിയും വീടാത്ത ഹൃദയത്തിന്‍റെ കടം "എന്ന പുസ്തകം പ്രസിദ്ധീകരിച്ചു ).

Saturday, November 1, 2008

മഹാകവി അക്കിത്തത്തിന് എഴുത്തച്ചന്‍ പുരസ്കാരം ഇന്നലെ ലഭിച്ചു.ഇന്നു ജീവിച്ചിരിക്കുന്ന കവികളില്‍ ഈ പുരസ്കാരം ലഭിക്കാന്‍ എന്തുകൊണ്ടും പ്രഥമ ഗണനീയന്‍ ആങ്ങ്‌ തന്നെ എന്നതില്‍ തര്‍ക്കമില്ല.

കഴിഞ്ഞ ഓണത്തിന് ഞാന്‍ വീട്ടില്‍ പോയപ്പോള്‍ കവി പ്രഭാ വര്‍മയും അക്കിത്തവും സംസാരിക്കുന്നതു ടി വിയില്‍ കണ്ടു.
"വെളിച്ചം ദുഃഖം ആണ് ഉണ്ണി
തമസല്ലോ സുഖപ്രദം"

വെളിച്ചം എന്നത് ആധുനിക പരിഷ്കാരങ്ങള്‍ ആണെന്നും,പാരമ്പര്യവും പഴമയും സുഖം തരും എന്ന തന്റെ വരികളെ പറ്റി അക്കിത്തം പറഞ്ഞതു പലപ്പോഴും ദുര്‍ വ്യാഖ്യാനിക്കാറുള്ള വരികള്‍ക്ക് ഒരു വെളിച്ചമായി.
എത്ര മനോഹരമായ ആശയം. എത്രയും വയസുള്ള അങ്ങ് എത്ര പുതുമയോടെ ചിന്തിക്കുന്നു എന്ന് എനിക്കാ അഭിമഖത്തില്‍ നിന്നും മനസ്സിലായി.അങ്ങ് ഞങ്ങള്‍ക്ക് ഒരഭിമാനമാണ് .ഇനിയും എഴുതാന്‍ ഈശ്വരന്‍ ഇടവരുത്തട്ടെ !!