Friday, March 20, 2009

മാങ്ങാസ്

ഇപ്പോള്‍ സ്ഥിരം നാട്ടില്‍ പോകുന്നതുകൊണ്ട്‌ അവിടെ നടക്കുന്ന കാര്യങ്ങളെകുറിച്ചു കൃത്യമായ ബോധമുണ്ട് .കഴിഞ്ഞ മൂന്നു മാസമായി എല്ലാ അവധി ദിവസവും ഞാന്‍ ചിലവഴിച്ചത് നാട്ടിലാണ്.ആഴ്ച തോറുമുള്ള ഈ പോക്കിന്റെ രഹസ്യം തേടി- പല ശത്രുക്കളും അന്വേഷിച്ചതില്‍ നിന്നും ഞാന്‍ രഹസ്യ വേളി കഴിച്ചു എന്ന് വരെ അവര്‍ പറഞ്ഞു പരത്തി .
കാര്യം എന്തൊക്കയായാലും നാട്ടിലെ മാവെല്ലാം ഇത്തവണ നല്ല ഉഗ്രനായി പൂത്തിട്ടുണ്ട്. പല സ്ഥലത്തും കണി കൊന്ന തന്റെ മഞ്ഞ പുടവ നിവര്‍ത്തി ആടിതുടങ്ങിയിരിക്കുന്നു.കുട്ടികള്‍ക്കൊക്കെ അവധി അടുക്കുന്നതിന്റെ ആഹ്ലാദം. ഞാന്‍ രണ്ടാഴ്ച മുമ്പു ബാംഗളൂര്‍ിലെ പ്രമാദമായ ഒരു കടയില്‍ നിന്നു വാങ്ങിയ ജീന്‍സും ടീയും ഇട്ടുകൊണ്ട്‌ നാട്ടിലെ റോഡില്‍ നടക്കുമ്പോള്‍ എതിര്‍വശത്തെ വീടിലെ അമേരിക്കയിലുള്ള അമ്മാമ്മേടെ പറങ്കി ഒന്നു കനിഞ്ഞു ; ദേ മുമ്പിലൊരു പറങ്കി പഴം.പിന്നെ ഒന്നും നോക്കിയില്ല,കടിച്ചു പറിച്ചു അങ്ങ് തിന്ന് നാഗരിക ജീവിതത്തിനോട് പക തീര്‍ത്തു.

പുറകുവശത്തെ വീട്ടിലെ രണ്ടു മാവും ഭംഗിയായ് പൂത്തിരിക്കുന്നു.അമ്മച്ചി എന്ന് ഞങ്ങള്‍ കുട്ടികള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന ആ അമ്മൂമ്മ മരിച്ചതോടെ ആ വീടിനോടുള്ള സ്നേഹവും ഇല്ലാതായി എന്ന് പറഞ്ഞാല്‍ തെറ്റില്ല. എല്ലാ വിഷുവിനും രാവിലെ കൃത്യമായി അമ്മച്ചി വീടിലെത്തി തരാറുള്ള രണ്ടു രൂപയിലെ ഉറവ വറ്റാത്ത സ്നേഹം ഒരായുഷ്കാലത്തിന്റെ ഓര്‍മയാണ്.

പിന്നെ അപ്പയുടെ വീടിലെ കര്പൂര മാവും ആകാശ മുട്ട വളര്ന്നു നിന്നിരുന്ന നാടുമാവും എനിക്ക് തന്ന നൂറു കണക്കിന് മാങ്ങകലോടുള്ള നന്ദി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കട്ടെ !കളം മാറി കാലം മാറി, എങ്കിലും മാങ്ങയോടുംപരന്കി പഴത്തോടും ഉള്ള ഹൃദയബന്ധം കൂടി വന്നു കൊണ്ടേ ഇരുന്നു.

കുട്ടികാലത്ത് ഉണ്ടായിരുന്ന കൂടുകരോക്കെ പോയ് മറഞ്ഞു. എല്ലാ അടവും പഠിച്ച കളരി എന്ന് ശൂന്യം.ഫിസിക്സ് പഠിക്കുന്ന കാലത്ത് കുട്ടിക്കാലത്തെ കളികളെഓര്‍ത്ത് എഴുതിയത് ഓര്‍ക്കുന്നു.
"പണ്ടു അക്ക ഉം സാറ്റ് ഉം കല്ലുകൊത്തും
ഇന്നു ആര്‍ക് ഉം ഇന്‍സാറ്റ് ഉം കാല്‍ക്കുലസ് ഉം " എന്ന് .

കുട്ടിക്കാലത്തെ വേനല്‍ അവധികള്‍ ചിലവിട്ടിരുന്ന മാവിന്റെ തണലില്‍ കുത്തിയിരിക്കുന്ന ബന്ധുക്കളും അല്ലാത്തവരുമായ കുട്ടികളും ഞാനും -എന്ത് രസമായിരുന്നു. "കിങ്ങരന്മാര്‍" എന്നാണ് അമ്മ അവരെ വിളിച്ചിരുന്നത്.ഹോട്ട് മാങ്ങകളില്‍ നിന്നു ഒഴുകുന്ന ചുടു ദ്രാവകം (ചോന) വീണു പോള്ളാത്ത ഒരു മുഖവും കിങ്ങരന്മാരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല .മഴ വരുമ്പോള്‍ മാങ്ങകള്‍ പടുപട വീഴും.കുട്ടയുമായി ട്ടാണ് നില്പ്. കുന്നുകള്‍ പോലെ മാങ്ങാ പറുക്കി കൂട്ടും. ജൂസി മാങ്ങാസ്!

മനസ്സിന്റെ മിട്ടായി തെരിവില്‍ മാങ്ങകള്‍ അടുക്കി വച്ചിരിക്കുന്നു.ഓര്‍മകള്‍ ആ മധുരമായ ഫലങ്ങള്‍ വാങ്ങി കൂട്ടുന്നു .നന്മ പഴയ പടങ്ങള്‍ പോലെയാണ്.പുത്തന്‍ പടങ്ങള്‍ റിലീസ് ചെയ്തുകൊണ്ടേ ഇരിക്കും.പഴയ പടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ ,കണ്ടവരുടെ ഓര്‍മ്മകളുടെ പെട്ടികളില്‍ സൂക്ഷിക്കപെടും. കുട്ടിക്കാലത്തെ മാങ്ങാ പറക്കു പോലെ.

No comments: