Tuesday, November 18, 2008

ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം

"ജനലരുകില്‍ ഉയര്‍ന്ന തലയിണകളില്‍
തല താങ്ങി ഞാന്‍
ചുവര്‍കണ്ണാടിയില്‍ എന്‍റെ നിഴല്‍
ചിറകു പോയപോല്‍
ഉടല്‍ ചുങ്ങി തല വിങ്ങി "

മരണാനന്തരം മഹത്വപ്രാപ്തി എന്നത് ശോകാകുലമായ ഒരഭിമാനമാണ് .ഗീത ടീച്ചറിനു ലഭിച്ച മഹത്വ പ്രാപ്തി രചനാ ശേഷിക്കു വൈകി കിട്ടിയ അംഗീകാരമാണ്. സര്‍ഗ്ഗാത്മക ജീവിതത്തിന്‍ വസന്ത കാലത്തു മരണം മാടി വിളിച്ച സ്നേഹനിധിയായ എഴുത്തുകാരി.അഗാധമായ അന്ത:ശ്രുതിയില്‍ സ്ത്രീ പക്ഷത്തെ നിര്‍വചിച്ച ഈ എഴുത്തുകാരി കവിതയും കഥകളും ആത്മനിയന്ത്രണ ഭാവമാര്‍ന്ന ലേഖനങ്ങളും എഴുതി വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി.സമകാലിക സാഹിത്യ ഭാഷയുടെ അതിഭാവുകത്വത്തെ നിഷേധിച്ച ഈ എഴുത്തുകാരി സംസാരഭാഷയെ സാഹിത്യ വേദിയില്‍ ആനയിക്കാന്‍ പരിശ്രമിച്ചു.ഒട്ടും മേനി നടിക്കാതെ അപ്രിയ സത്യങ്ങളെ ആലങ്കാരിക ഭാഷയില്‍ പൊതിഞ്ഞു നല്കാന്‍ ഗീതക്ക് സാമര്‍ത്ഥ്യം ഉണ്ടായിരുന്നു.ആത്മാവിന്റെ മുഖമുദ്രകളാണ് ഗീത അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയത് .

പരിചയപ്പെട്ടവര്‍ക്കൊക്കെ പ്രിയ സ്നേഹിതയായിരുന്നു ഗീത.പഠിപ്പിച്ച വിദ്യാര്‍ഥികള്‍ക്കൊക്കെ പ്രാണന്‍ ആയിരുന്നു ഗീത ടീച്ചര്‍. അഭിനവ ഫെമിനിസ്റ്റു ജാടകള്‍കൊക്കെ ആലോരസമായിരുന്നു ഗീതാ ഹിരണ്യന്‍. ജീവിതത്തെ ആഴത്തില്‍ അറിഞ്ഞു സ്നേഹിച്ചു തുടങ്ങിയപ്പോള്‍ കാന്‍സര്‍ ഇന്റെ രൂപത്തില്‍ മരണം കടന്നു വന്നത് ഗീതയെ ഞെട്ടിച്ചു.അത് അവരില്‍ നടുക്കം സൃഷ്ടിച്ചു.പതുക്കെ, തീരെ പതുക്കെ ഗീത മരണത്തെയും സ്നേഹിച്ചു തുടങ്ങി.റേഡിയേഷന്‍ നിമിത്തം കൊഴിഞ്ഞു പോയ സംരിധമായ തലമുടി നോക്കി ഗീത ചിരിച്ചു.മരണം പോലും പകച്ചു പോയ നിമിഷങ്ങളായിരുന്നു അത്. ഓര്‍മയില്‍ നിലാവ് ഇറ്റ്വീഴുന്ന ഉമ്മറ മുറ്റത്ത് കിളിതട്ട് കളിക്കുന്ന ഒരു പാവം അന്തര്‍ജന പെന്കൊടിയായി താന്‍ മാറുന്നതായി ഗീതക്ക് തോന്നിയിരിക്കണം. ഇത്തിരി കുറുമ്പും,ഒത്തിരി സ്നേഹവും ലേശം നര്‍മമവുമായി ഒരു പൂമ്പാറ്റയെ പോലെ ഗീത എല്ലാവരിലും കൌതുകം ജനിപ്പിച്ചു പറന്നു പോയി. സ്വപ്നമുരുക്കി ഭൂഗോളം തിര്‍ത്ത കവിയാണ്‌ ഗീത ഹിരണ്യന്‍.
"ഭൂമി
കറങ്ങിത്തിരിഞ്ഞുതിരിഞ്ഞു പിന്നെടെനിക്ക്
കറുത്ത വാവുകളെ കൊണ്ടു വന്നു
കുന്നുമണി കിണ്ണത്തില്‍
ഇപ്പോള്‍ പകുതിപങ്ക് ആഴെലിന്റെ ചവര്‍പ്പ്
കണ്ണീരിന്റെ ഉപ്പ്."

എന്ന് ഗീത നിര്‍മ്മമമമായി എഴുതി.സ്നേഹിച്ചും ജീവിച്ചും മതിവരാത്ത ഈ നല്ല മഹനീയമായ മരണാനന്തര ജീവിതം മുന്‍കൂട്ടി കണ്ടിരുന്നുവോ?
"നഷ്ടബോധത്തോടെ ഞാന്‍ പറയുന്നു സഖീ, രാധേ
ഇന്നലെ ഞാന്‍ ഭൂമിയില്‍ ഉണ്ടയിരുന്നെയില്ല.
സ്വപ്നത്തിന്റെ താമരയില്‍ ഞാന്‍
വരും ജന്മങ്ങളില്‍ തുഴഞ്ഞു നടന്നു"
എന്ന വരികള്‍ ഏത് കാലത്തെയാണ് കിനാവ് കണ്ടത്? ക്ഷണ പ്രഭാ ചഞ്ചലമായ വിദ്യുല്ലതയായിരുന്നു ഗീത.വീണ പൂവില്‍ കുമാരനാശാന്‍ രേഖപ്പെടുത്തിയ വരികള്‍ ഇവിടെ ഉദ്ധരിക്കാം
"ബാധിച്ചു രൂക്ഷ ശില വാഴ്വതില്‍ നിന്നു മേഘ ജ്യോതിസ്സ് തന്‍ ക്ഷണിക ജീവിത മല്ലീ കാമ്യം". വഴി അരികിലും നടക്കും യാത്രക്കാര്‍ക്ക് വേദന സമ്മാനിക്കുന്ന കല്ലിന്റെ ജീവിതമല്ല ഗീത നയിച്ചത്.ഒരു മിന്നല്‍ പിണരിന്റെ ക്ഷണിക ജീവിതമായിരുന്നു. നമ്മുടെ നഷ്ടസ്മൃതികളെ അടയാളപ്പെടുത്തിയ ഗീതാ ഹിരണ്യന്‍ ഒരു പ്രസ്ഥാനത്തിന്റെയും പതാക വാഹക ആയിരുന്നില്ല.

ഒരു നിര്‍വചനത്തിന്റെയും കള്ളികളില്‍ എന്തോ ഒന്നു ഗീതയുടെ സര്‍ഗ്ഗാത്മക രചനയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്‌ .ആത്മാര്‍ത്ഥതയാണ് അതിലെ ജീവബിന്ദു.
നാല്‍പ്പത്തി അഞ്ചു വര്‍ഷമേ ജീവിച്ചുള്ളു എങ്കിലും ഓഎന്‍ വി പറഞ്ഞതുപോലെ ഗീതയുടെ ആന്തരജീവിതത്തിനു പല ജന്മങ്ങളുടെ ആഴവും ഭാവ സങ്കിര്‍ണതയും ഉണ്ടായിരുന്നു.

"സ്ഥിര സന്ദര്‍ശകനായ ചങ്ങാതിക്ക് വീടിലെന്നപോല്‍
ചിരപരിചിതനായ വായനക്കാരനും
കഥയിലുമുണ്ട് ചില സ്വാതന്ത്ര്യങ്ങള്‍ "

എന്ന് പറയാന്‍ ഗീതയെ പ്രേരിപ്പിച്ച സ്നേഹത്തിന്റെ വികാരാധിക്യം ഇനി ആരില്‍നിന്നും നമുക്കു ലഭിക്കും.
തന്നെ തന്റെ രചനയില്‍ പ്രതിഭലിപ്പിക്കാന്‍ ഗീത മടികാണിച്ചില്ല.വടക്കേച്ചിര ഉള്ളന്നൂര്‍ മനയിലിരുന്നു പുറം മേനി പറയുന്ന നമ്പൂതിരി കുട്ടിയല്ലായിരുന്നു ഗീത.സ്നേഹിച്ചവരെ നൊമ്പരപ്പെടുത്താത്തിരുന്ന ഗീത മരിച്ചപ്പോള്‍ അവരെയാകെ നൊമ്പരപ്പെടുത്തി.ഒരുവേള മരണ ഗര്‍ത്തത്തില്‍ നിന്നും എ ങ്ങി വലിഞ്ഞു രക്ഷപ്പെട്ടപ്പോള്‍ സ്നേഹിതരും സഹ്രിടയലോകവും ആശ്വാസ നെടുവീര്‍പ്പിട്ടു.പക്ഷെ വിധിയുടെ വൈപരീത്യം ഗീതയെ വീണ്ടും വരിഞ്ഞു മുറുക്കി.കെട്ട് മുറുകും തോറും ഗീത ഉള്ളാലെ പുളഞ്ഞു;പുറമെ ചിരിച്ചു.
നാട്യങ്ങളിലാത്ത ആ ചിരി ജീവിത ദര്‍ശനത്തിന്റെ ചിരി ആയിരുന്നു.തനിക്ക് കിട്ടിയ ഗജഗംഭീരന്‍ ചികിത്സയെപടി സന്ദര്‍ശിക്കുന്നവരോട് ഫലിതം പറയാന്‍ ഗീത മടികാണിച്ചില്ല. "ചിലരൊക്കെ പറയാറുണ്ടല്ലോ ഞാന്‍ ഗുല്ഫിലാരുന്നു എന്നൊക്കെ .എനിക്ക് ഞാന്‍ രണ്ടു വര്ഷം ആസ്പത്രിയിലാരുന്നു എന്നാണു മേനി "" എന്ന് പറഞ്ഞു ചിരിക്കാന്‍ ആ മനസ്സു മടി കാണിച്ചില്ല.

"ഇന്നു
സ്വപ്നങളുടെ ലോകം
എന്നെ വിട്ടു പോയോ?
ഒരു സ്വപ്നവും
കൊരുത്തു വരുന്നില്ല "
എന്ന് തേങ്ങി കരഞ്ഞ ആ മനസ്സ് നമുക്കു മറക്കാനാവുമോ?

മനോഹരങ്ങളായ ലേഖനങ്ങള്‍ ഗീത എഴുതിയിട്ടുണ്ട്. സിദ്ധാന്തങ്ങളുടെ വരട്ടു ഭാഷ ഒഴുവാക്കി നാടുമോഴിയുടെ ചാരുതയില്‍ ഏകപക്ഷീയമായ ഭാവങ്ങള്‍ പുലര്‍ത്തുന്ന സാമ്പ്രദായിക ഫെമിനിസ്റ്റ്‌ ലേഖങ്ങള്‍ അല്ലായിരുന്നു അവ.
പെണ്ണെഴുത്തിന്റെ വിപുല രാഷ്ട്രീയ ബോധത്തിന്റെ സര്‍വ ചരാചര പ്രേമം ദര്‍ശിക്കാന്‍ ലേഖനങളിലൂടെ ഗീത പരിശ്രമിച്ചു. ഒരു തെളിഞ്ഞ അരുവി പോലെ ശാന്തമായി ഒഴുകി നിറയാന്‍ ഗീതയുടെ ആശയങ്ങള്‍ക്ക് സാധിച്ചു.എണ്ണത്തില്‍ കുറവ് ആണെന്കിലും ഗുണത്തില്‍ ഒന്നമാതകുന്ന കവിതകള്‍ ഗീതയുടെ സര്‍ഗാത്മക ജീവിതത്തിന്റെ മറ്റൊരു ഭാവം അനാവരണം ചെയ്യുന്നു.
കവയിത്രി ,കഥാകാരി,ലേഖിക ,അദ്ധ്യാപിക,സ്നേഹിതാ ,വീട്ടമ്മ വിശേഷണങ്ങള്‍ അനന്തമായി തുടരുമ്പോഴും അനന്തതയില്‍ ഗീത മറഞ്ഞു പോകുന്നു.പ്രിയംവദ എഴുതിയത് പോലെ "അകാലത്തില്‍ നുറുക്കി ഇല്ലായിരുന്നു എങ്കില്‍ ഈ തൈമരം എത്ര പൂത്തേനെ കായിച്ചെനെ "
നമ്മുടെ ഭാഗ്യദോഷം .!

(ഗീതാ ഹിരണ്യന്‍ 1956 മാര്‍ച്ച് 20 നു കൊട്ടാരക്കരക്കടുത്തു ജനനം.ഗവ. കോളേജ് അദ്ധ്യാപിക. ഒട്ടസ്നാപ്പില്‍ ഒതുക്കാനാവില്ല,ഒരു ജന്മസത്യം, എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.2002 ജനുവരി 2 നു കാന്‍സര്‍ രോഗ ബാധിതയായി തൃശൂരില്‍ അന്തരിച്ചു .മരണാനന്തരം "ഇനിയും വീടാത്ത ഹൃദയത്തിന്‍റെ കടം "എന്ന പുസ്തകം പ്രസിദ്ധീകരിച്ചു ).

Saturday, November 1, 2008

മഹാകവി അക്കിത്തത്തിന് എഴുത്തച്ചന്‍ പുരസ്കാരം ഇന്നലെ ലഭിച്ചു.ഇന്നു ജീവിച്ചിരിക്കുന്ന കവികളില്‍ ഈ പുരസ്കാരം ലഭിക്കാന്‍ എന്തുകൊണ്ടും പ്രഥമ ഗണനീയന്‍ ആങ്ങ്‌ തന്നെ എന്നതില്‍ തര്‍ക്കമില്ല.

കഴിഞ്ഞ ഓണത്തിന് ഞാന്‍ വീട്ടില്‍ പോയപ്പോള്‍ കവി പ്രഭാ വര്‍മയും അക്കിത്തവും സംസാരിക്കുന്നതു ടി വിയില്‍ കണ്ടു.
"വെളിച്ചം ദുഃഖം ആണ് ഉണ്ണി
തമസല്ലോ സുഖപ്രദം"

വെളിച്ചം എന്നത് ആധുനിക പരിഷ്കാരങ്ങള്‍ ആണെന്നും,പാരമ്പര്യവും പഴമയും സുഖം തരും എന്ന തന്റെ വരികളെ പറ്റി അക്കിത്തം പറഞ്ഞതു പലപ്പോഴും ദുര്‍ വ്യാഖ്യാനിക്കാറുള്ള വരികള്‍ക്ക് ഒരു വെളിച്ചമായി.
എത്ര മനോഹരമായ ആശയം. എത്രയും വയസുള്ള അങ്ങ് എത്ര പുതുമയോടെ ചിന്തിക്കുന്നു എന്ന് എനിക്കാ അഭിമഖത്തില്‍ നിന്നും മനസ്സിലായി.അങ്ങ് ഞങ്ങള്‍ക്ക് ഒരഭിമാനമാണ് .ഇനിയും എഴുതാന്‍ ഈശ്വരന്‍ ഇടവരുത്തട്ടെ !!

Thursday, October 16, 2008

സഹയാത്രികര്‍

വാലാവലിക്കര്‍ ആലുവാക്കാരനാണ്
കുറെ വര്ഷം മുന്പ് നിങ്ങള്‍ ഒരു മുനി കുമാരന്‍ മണല്‍ പുറത്തെ ശ്രീ കോവിലിന്റെ തൊട്ടു കിഴക്ക് വശത്തുള്ള ആ ചെറിയ ആല്‍ത്തറയില്‍ അങ്ങ് കിഴക്ക് തീവണ്ടി പാലത്തിലേക്ക് തന്റെ ശുണ്ടിത നേത്രങ്ങള്‍ പായിച്ചും ഇടക്ക് സ്റ്റാറ്റിസ്റ്റിക്സ് ,മാര്‍ക്കറ്റിംഗ് റിസര്‍ച്ച് , രമ ബിജപുര്കര്‍ തുടങ്ങിയ സുത്രങ്ങള്‍ തലയിണയായി വച്ചതില്‍ ശയിച്ചും ഇടക്ക് ഉത്കണ്ടാകുലനായി പുര്ണാ നദിയിലേക്ക് എടുത്തു ചാടുന്നതും കണ്ടിട്ടുണ്ടങ്കില്‍ അത് ഇദ്ദേഹം തന്നെ.പിരാന്താണ് എന്ന് ഇടക്ക് തോന്നുമാറ് കേശഭാരം അഴിച്ച്ചിടും . മൗനം സ്ഥിരം നക്ഷതഫലം .
ജെര്‍മി ചോ കോട്ടയത്തുകരനാണ് .
നീളമുള്ള ഒരു ജുബ്ബയും മുണ്ടും ഉടുത്താല്‍ ഇതിയാന്‍ ഒരു തനി "അച്ചായന്‍ "തന്നെ.കൊഴുക്കട്ട പോലെത്തെ വയര്‍.ഡാഡി യും മോമ്മും അദ്ധ്യാപകരും നല്ലവരും ആണെന്കിലും ടി സ്വഭാവമോന്നും ഇതിയനെ തൊട്ടു തീണ്ടിയിട്ടില്ല. പാചകത്തില്‍ സ്വയം ഒരു നളന്‍ ചമയുമെങ്കിലും ഉണ്ടാക്കുന്നതൊന്നും വായില്‍ വെക്കാന്‍ കൊള്ളില്ലന്ന് സ്വന്തം മോം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . ഓഷോ ആണ് കാണപെട്ട ദൈവം. തീറ്റി യാണ് സ്ഥിരം നക്ഷത്രഫലം.
പിന്നെ വാസു !
തിരുവല്ലയാണ് സ്വദേശം.കപട സന്ന്യാസി എന്ന് കൂട്ടുകാര്‍ വിളിക്കും. പടവേലെങ്ങയില്‍ കെട്ടി ഇടാറുള്ള കല്ലുപോലെ ചില വള്ളികളില്‍ തൂങ്ങി കിടക്കും .മാടമ്പി ആണെന്ന് പറയുമെങ്കിലും ഒരു നയാ പൈസയുടെ പ്രയോജനം ഇല്ല.ഫലിത പ്രിയന്‍ എന്ന് സ്വയം പരിച്ചയപെടുത്തും എങ്കിലും പരമ ദയനീയ അവസ്ഥയാണ്‌ ജന്മം.കൂശ്മാണ്ഡം എന്ന് പറഞ്ഞാല്‍ "കൊച്ചാട്ടാ " എന്ന് കേള്‍ക്കും "ഇച്ചെയീ, ഇല്ലിയോ, അല്ലിയോ " മുതലായ വാക്കുകള്‍ ശുദ്ധ മലയാളം ആണെന്ന് വാദിക്കും.മടി ആണ് ജന്മ നക്ഷത്രം ഫലം.
ഇവരുടെ യത്രകള്‍ എവിടെ തുടങ്ങുന്നു!
ശേഷം പിന്നീട്-

Thursday, October 9, 2008

"ഓം ഹരി ശ്രീ ഗണപതയേ നമ: ആവിഘ്നമസ്തു "
-ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ എഴുതുന്നതും ഉച്ചരിക്കപെടുന്നതും ഈ വരികള്‍ ആവും. എല്ലാം തുടങ്ങാന്‍ പറ്റിയ ദിവസമത്രെ ഇത് . ഞാന്‍ അക്ഷരം പഠിച്ചു തുടങ്ങിയതും ഇതേ ദിവസമായിരുന്നു.പഠിച്ചു തുടങ്ങിയ ഭാഷ മലയാളവും.
മലയാളം-എന്റെ തറവാട്ടമ്മ!
അതേ മലയാളത്തില്‍ ഒരു ബ്ലോഗ് എന്ന എന്റെ അടുത്തകാലത്തുണ്ടായ ഒരാഗ്രഹം സഫലമാക്കി ഞാന്‍
ഇവിടെ തുടങ്ങട്ടെ!
കവി പാടിയതുപോലെ
"അറിഞ്ഞതില്‍ പാതി പറയാതെ പോയി;
പറഞ്ഞതില്‍ പാതി പതിരായും പോയി"
എന്നത് എല്ലാവരെയും പോലെ എന്നെയും ബാധിക്കാന്‍ സാധ്യത ഉണ്ട്.
ക്ഷമിക്കുക പ്രിയ വായനക്കാരാ!
നിന്റെ ഹൃദയത്തിന്റെ ആര്‍ദ്രത വരികള്‍ക്കിടയില്‍ എനിക്ക് കൂടുതല്‍ ശക്തി പകരും.
ഞാന്‍ കാത്തിരിക്കുന്നു!
-ഈശ്വര്‍